Wednesday, 26 September 2012

ആരോഗ്യ സാമിക്ക് ഡബര് മിട്ടായി...

ആരോഗ്യ സാമിക്ക് ഡബര് മിട്ടായി...ഈ തമാശ പാട്ട് ഒരു ദിവസം രാവിലെ വെറുതെയങ്ങു നാവിന്‍ തുമ്പില്‍ കയറിപ്പ റ്റിയതാണ്....ഇതെന്തേ ഇപ്പോഴോര്‍ക്കാന്‍ ..ഈ പാട്ട് തുടങ്ങുന്നതെങ്ങനെയെന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല....ആലോചിച്ചു ആലോചിച്ചു അവസാനം സുല്ലിട്ട്ടു....എവിടെ വച്ചാണ് ഈ പാട്ട് കേട്ടിട്ടുള്ളത്....ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ കുറെ പിന്നോട്ടെക്കോടി. 5 വയസ്സ് വരെ ഞാന്‍ വളര്‍ന്ന അമ്മ വീടിരിക്കുന്ന ആലുവയില്‍ നിന്ന് ഏതാനും കിലോമീടര്‍ മാത്രം അകലെയുള്ള അശോക പുരം എന്ന ഗ്രാമത്തിലേക്ക്...ആലുവ ടൌണ്‍ വികസനത്തിന് വഴി മാറിയപ്പോഴും പരിഷ്ക്കാരം എത്തി നോക്കാന്‍ വൈകിയ ആ നാട്ടുമ്പുറത്തെ നന്‍മകള്‍ എനിക്ക് നഷ്ട്ടമായിട്ടു വര്ഷം 28 ആയിരിക്കുന്നു...വിഷപ്പുക നിറഞ്ഞ എലൂരിലേക്ക് പറിച്ചു നടപ്പെട്ട 28 വര്‍ഷങ്ങള്‍ ...ആലുവ കംബനിപ്പടിയില്‍ നിന്ന് റെയില്‍ വേ ട്രാക്ക് മുറിച്ചു കടന്നു കുറച്ചു പോയാല്‍ കാണുന്ന കട്ടേപ്പാടം എന്ന വിസ്തൃതമായ പാട ശേഖരത്തിലെ വരമ്പുകള്‍ ഭേദിച്ച് നടക്കുന്ന വഴികളില്‍ എപ്പോഴും വെള്ളം കെട്ടി നിന്നിരുന്നു....സ്റ്റാന്‍ഡേര്‍ഡ് പോട്ടരീസിലെ ജീവനക്കാരനായ അച്ചാച്ചനെ കാണാന്‍ പോയിട്ട് തിരിച്ചു വീട്ടിലേക്കു പോകുന്നത് ഈ പാടത്തിലൂടെയായിരുന്നു...നല്ല നിറമുള്ള പന്ജാര മണലുകള്‍ നിറഞ്ഞ വഴിയിലെ വെള്ളം പകല്‍ വെയിലില്‍ ചൂട് പിടിച്ചങ്ങനെ കിടക്കും....ചെറുചൂടുള്ള വെള്ളത്തിലെ മണലില്‍ കാലുകള്‍ പൂഴ്ത്തി വയലില്‍ കാണുന്ന ഞവണിക്കയെ പിടിച്ചു ,പാമ്പിനെ കാണുമ്പോള്‍ മുട്ടൊപ്പമുള്ള വെള്ളത്തില്‍ കുതിച്ചു ചാടിയോടി ചെന്ന് കയറുന്നത് ചെവിക്കു പതമുള്ള വാസുവേട്ടന്റെയും ഭാര്യ കര്‍മ്മിലി താത്തിയുടെയും വീട്ടിലേക്കാണ്....അവരുടെ ഏക്കര് കണക്കായ ഭൂമിലെ കൃഷിക്ക് വെള്ളം എത്തിക്കുന്നതിനായി കുഴിച്ച വലിയ കുളത്തിലെ അറിയാന്ടെങ്ങാനും പെട്ട് പോയ നീര്‍ക്കോലി പാമ്പ് ആളെകാണുമ്പോള്‍കരിങ്കല്‍കെട്ടിനിടയിലേക്ക്പായുമായിരുന്നു...കുട്ടിക്കാലത്ത് ആ വീട്ടിലെ കുഞ്ഞുമോന്‍ ചേട്ടനായിരുന്നു കൂട്ട്....12 വയസ്സോളം മൂത്ത ആളോടൊപ്പം തൊടിയിലെ കശുമാങ്ങയും ,മാങ്ങയും പറിച്ചു നടന്ന കാലത്ത് കിട്ടിയ പാട്ടാണ് ആരോഗ്യ സാമിക്ക് ഡബര് മിട്ടായി....ചേട്ടന്‍ എത്തമ്മോന്‍ വരുമ്പോള്‍ കുഞ്ഞോന്‍ചേട്ടന്റെ യൊപ്പം മരത്തിലിരുന്നു എത്തമ്മോനെ ആരോഗ്യ സാമി എന്ന് വിളിച്ച് ഞങ്ങള്‍ കളിയാക്കിപ്പാടുന്ന പാട്ടായിരുന്നു അത്...
അതൊരു കാലം....ഇന്നലെ അശോകപുരത്തെക്ക് വെറുതെ ഒന്ന് പോയി...നാളേറെയായി അവിടെ ചെന്നിട്ട് ...പണ്ട് കുളിച്ചിരുന്ന , വലിയ മരങ്ങള്‍ കല്ലുകളില്‍ വേരുകളാഴ്ത്തി അതിര് കാത്തിരുന്ന ചിറ കാണിക്കാന്‍ ഭാര്യയേയും കിങ്ങിണി ,കുഞ്ഞാപ്പു മാരെയും കൊണ്ട് പോയി....പാടത്ത് കൂടി അങ്ങോട്ടേക്കടുക്കുമ്പോള്‍ പുല്ലു തിന്നു കൊണ്ടിരുന്ന പോത്തിനെ കണ്ടപ്പോള്‍ ഒന്നര വയസ്സുകാരന്‍ കുഞ്ഞാപ്പു പറഞ്ഞു....അച്ചേ....ആന...തൊട്ടാവാടി കൈകൊണ്ടു തൊടുമ്പോള്‍ വാടുന്നത് കണ്ട്‌ രണ്ടു പേരുടെയും കണ്ണുകളില്‍ അത്ഭുതം...കമ്മല്‍ പോലുള്ള മഞ്ഞ പൂവിന്റെ പൊള്ളല്‍ അനുഭവിച്ചറിഞ്ഞ കിങ്ങിണിയോടു പല്ലിനു വേദന വരുമ്പോള്‍ ഇതു കടിച്ചു പിടിച്ചാല്‍ മതിയെന്ന് ഭാര്യയുടെ നാടന്‍ വൈദ്യപഠന ക്ലാസ് ....മുട്ട കാണാതാകുമ്പോഴാനത്രേ പ്രാകി കൊണ്ട് ഉച്ചത്തില്‍ കരഞ്ഞു വിളിച്ചു നടക്കുന്ന ഒട്ടേചി ക്കിളിയെയും കൊക്കിനെയുമൊക്കെ അടുത്തു കണ്ടു പിള്ളേര് രണ്ടും ത്രില്ലടിച്ചിരിക്കുന്നു...പണ്ട് ഒറ്റ തോര്‍ത്തുടുതും അല്ലാതെയും ഞങ്ങള്‍ കുളിച്ചിരുന്ന ചിറയില്‍ ഇന്നു പുതുതലമുറ ബര്‍മുഡയില്‍ കുളിച്ചു തകര്‍ക്കുന്നു....ചിറയില്‍ നിറയെ നീളന്‍ പായലും, തെര്‍മോകോള്‍ കഷ്ണങ്ങളും..ആകെ വൃത്തി കേട്‌ ....മരങ്ങളൊന്നും തന്നെ അവിടെയില്ല....ചിറ ആകെ മാറിപ്പോയതിന്റെ നിരാശയില്‍ തിരികെ നടക്കുമ്പോള്‍ എതിരെ പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരാള്‍ വന്നപ്പോള്‍ എന്റെ കുഞ്ഞാപ്പു അപ്പാപ്പേ ദേ എന്ന് പറഞ്ഞു പറന്നു പോകുന്ന കൊക്കുകളെ ചൂണ്ടിക്കാട്ടി...ആരോ ഒരാള്‍ എന്നെ ഞാനും കരുതിയുള്ളു...വന്ന ആള്‍ എന്റെ നേരെ ഒരു ചോദ്യം...നിനക്കെന്നെ മനസ്സിലായോ...ഞാന്‍ സൂക്ഷിച്ചു നോക്കി...ഒന്നേ ആലോചിചുള്ളൂ ... ഞാന്‍ പറഞ്ഞു..കുഞ്ഞുമോന്‍ ചേട്ടന്‍ ... ആളാകെ മാറി ...കുഞ്ഞുന്നാളില്‍ കണ്ടതാണ് എങ്കിലും ആ ചിരി കൊണ്ട് ആളെ പെട്ടെന്ന് പിടി കിട്ടി........ഞാന്‍ ചിറ കാണാന്‍ പോയിട്ടുണ്ട് എന്നറിഞ്ഞു വന്നതാണ്... വിശേഷം ചോദിച്ചപ്പോള്‍ ആളിന്ന് പ്രശസ്തമായ ഒരു കോളേജിലെ ഇംഗ്ലീഷ് അധ്യാപകനാണ്...ഞാന്‍ പിന്നെ ചോദിച്ചതിതാണ്‌ ....നമ്മുടെ ആ പഴയ ആരോഗ്യ സാമിയുടെ പാട്ടെങ്ങനെയാണ്...ചേട്ടന്റെ ഓര്‍മയില്‍ നിന്ന് കിട്ടിയതിതാണ്....മണിയന്‍ ചെട്ടിക്കു മണി മിട്ടായി...മധുരക്കുട്ടിക്കു പന്ജാര മുട്ടായി...ഈ ആരോഗ്യ സാമിക്ക് എന്ത് മിട്ടായി....ഈ ആരോഗ്യ സാമിക്ക് ഡബര് മിട്ടായി.....വെറുതെയായിരിക്കില്ല ദിവസങ്ങള്‍ക്കു മുന്‍പ് എന്‍റെ നാവിന്‍ തുമ്പിലേക്ക്‌ ആ പാട്ട് കയറി വന്നത് എന്നു ഞാന്‍ ചേട്ടനോട് പറഞ്ഞു....ചേട്ടനുമൊത്തു ഒരു പാട് വിശേഷങ്ങള്‍ പങ്കു വെച്ച് അവിടെ നിന്ന് പിരിഞ്ഞു ....കുടുംബവുമൊത്ത് തിരികെ വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍ സ്ടീരിയോയിലൂടെ ഒഴുകിയെത്തിയ ഉമ്പായിയുടെ മധുര ശബ്ദത്തിലുള്ള ഗസലിലെ വരികളിങ്ങനെയായിരുന്നു....മഴയില്‍ കുളിച്ച മരങ്ങളേ നിങ്ങള്‍ , കണ്ടുവോ മറവിയിലെന്‍ പോയ ബാല്യം...

No comments:

Post a Comment