Sunday, 23 December 2012

റസാക്ക് ഒരു മൃഗമായതെങ്ങനെ....


റസാക്ക് സുന്ദരനായിരുന്നു ..... എണ്ണ മിനുക്കമുള്ള മനോഹരമായ നീളന്‍ ചുരുളന്‍ മുടി പകുത്തിട്ട്‌ ചീകിയൊതുക്കിയ റസാക്ക് എന്റെ സഹപാഠിയായിരുന്നു....ലസിത് മലിംഗയൊക്കെ ഈ ഭൂമിയില്‍ പിറന്നു വീഴുന്നതിനു മുന്‍പ് തന്നെ ഞങ്ങളുടെ ഫാക്റ്റ് ഈസ്റ്റെഴ്ന് യു പി സ്കൂള്‍ ഗ്രൗണ്ടില്‍ ഹെയര്‍ സ്റ്റൈല്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്ന ആളാണ്‌ റസാക്ക്....ക്രിക്കറ്റ് കളിക്കുമ്പോള്‍ തൂവാല കൊണ്ട് ബാലചന്ദ്ര മേനോന്‍ സ്റ്റൈലില്‍ ഒരു കെട്ടും കെട്ടി റണ്‍ അപ്പ്‌ എടുത്തു വരുന്ന റസാക്കിന്റെ മുടി തൂവാലക്കെട്ടിനു പുറത്തേക്ക് ആടിയുലയുമായിരുന്നു....ഏലൂര്‍ പഞ്ചായത്തില്‍ മേത്താനം എന്നൊരു സ്ഥലമുണ്ട്....അതിനടുത്തായിരുന്നു റസാക്കിന്റെ വീട് ...ഒരൊറ്റ ദിവസം കൊണ്ട് റസാക്കിന്റെ താരമൂല്യം റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു ...റസാക്കിനെ കാണുമ്പോള്‍ ആണ്‍കുട്ട്യോളും പെണ്‍കുട്ട്യോളും ഓടിയടുക്കുന്നു....വിശേഷങ്ങള്‍ ചോദിക്കുന്നു.....എങ്ങനെയാണെന്നല്ലേ...പറയാം...കേട്ടോളൂ ...

അന്നൊരു നാള്‍ വെളുപ്പിന് ,കാട്ടിലെ സൂപ്പര്‍ സ്റ്റാറുകള്‍ നാട്ടിലെക്കെത്തി നോക്കുന്നത് ഇന്നത്തെ പോലെ പതിവല്ലായിരുന്ന ആ കാലത്ത്, പെരിയാറിനു സമീപത്തുള്ള മേത്താനം കടവിനടുത്തു കൂടെ ഒരതിഥി റസാക്കിന്റെ വീടിനടുത്തേക്ക് നടന്നടുത്തു.....മറ്റാരുമല്ല.....ഒരു സുന്ദരന്‍ പുലി ......കാഴ്ചകള്‍ കണ്ടു നടന്ന പുലി വിശ്രമിക്കാന്‍ ഓടിക്കയറിയത് റസാക്കിന്റെ വീട്ടിലാണ്.....ചോറ് കട്ട് തിന്നാന്‍ വരണ കള്ളപൂച്ചയെ പോലെ പുലി ,വീട്ടില്‍ വന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ ..ഭാഗ്യത്തിന് ആ കോണ്‍ക്രീറ്റ് വീടിനുള്ളില്‍ പുലിയെ അടച്ചിട്ടു വീട്ടുകാര്‍ ജീവനും കൊണ്ട് പുറത്തു കടന്നു...ദേഷ്യം സഹിക്കവയ്യാതെ പുലി ,റസാക്കിന്റെ ഭാഷയില്‍ ആ ഹറാംമ്പറന്നോന്‍ ഹാളിലുണ്ടായിരുന്ന എല്ലാം തകര്‍ത്ത് തരിപ്പണമാക്കി......ഏതായാലും പുലിയിറങ്ങിയത് നാട്ടിലെങ്ങും വാര്‍ത്തയായി...അവസാനം വനം വകുപ്പില്‍ നിന്ന് വലിയ കൂടുമായി ആളെത്തി......വീടിന്‍റെ പ്രധാനവാതിലിനു മുന്നില്‍ കൂടിന്റെ വാതില്‍ തുറന്നിട്ടപ്പോള്‍ , റേ ബാന്‍ ഗാസും വച്ച് നെഞ്ജു വിരിച്ചു നാട്ടിലേക്ക് പറക്കാന്‍ ബീമാനം കാത്തു നിക്കണ ഇറ്റാലിയന്‍ നാവികനെ പോലെ പുലി അന്തസായി അതിനകത്തേക്ക് കയറി.... പത്രത്തില്‍ പുലിയുടെ ചിത്രവും റസാക്കിന്റെ തകര്‍ന്ന വീടും വല്യ വാര്‍ത്തയായിരുന്നു ........അതില്‍ പിന്നെ മേത്താനം പ്രദേശത്തെ ആ സ്ഥലം പുലി നഗര്‍ ആയി.....റസാക്കിന്റെ വീട്, പുലി വീടായി......റസാക്ക് , പുലി റസാക്കുമായി....

വീടിനു പിന്നാമ്പുറത്തു കണ്ട പുലിയെ പ്രായമായ ഒരു ഉമ്മ അയല്‍വക്കത്തെ വീട്ടില്‍ നിന്ന് ചിക്കി ചികയാനെത്തുന്ന കോഴിയെ ഓടിക്കുന്ന പോലെ ശോ.. ശ്ശൊ...പോ..പോ പുലി എന്ന് പറഞ്ഞു ഓടിച്ചതായി ചില പാണന്‍മാര്‍ പാടി നടക്കുന്നത് കേട്ടിട്ടുണ്ട് ... ..റസാക്കിന്റെ വീട്ടിലേക്കു പോണ പോക്കില്‍ വഴിയില്‍ കണ്ട തങ്കമ്മ ചേച്ചിക്കും പുലി ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു ..ആ ഷേക്ക്‌ ന്റെ ഷോക്കില്‍ പരുക്കേറ്റു വീണ തങ്കമ്മ ചേച്ചി പില്‍ക്കാലത്തു പുലി തങ്കമ്മയായി വിലസിയത് ഉപകഥ മാത്രം.....

ഇന്നും , വയനാട്ടിലും തൃശ്ശൂരും അങ്ങ് ബംഗാളിലുമൊക്കെ കടുവയും പുലിയുമൊക്കെ ഇറങ്ങുന്ന വാര്‍ത്ത കാണുമ്പോള്‍ ആദ്യം ഓര്മ വരുന്നതു റസാക്കിനെയാണ്...കാല്‍ നൂറ്റാണ്ടാകാരായെങ്കിലും ഇന്നും മനസ്സില്‍ തെളിയുന്നു പുലിയായി മാറിയ റസാക്കിന്റെ മുഖം......റസാക്ക് ....നീയിപ്പോള്‍ എവിടെയാണ്.....