Thursday, 23 February 2012

ഒരു നിഷ്ക്കളങ്കന്‍ കള്ളനായ കദന കഥ....

വ്യവസായ ശാലയായ ഫാക്ടിന്റെ സുവര്‍ണ്ണ കാലത്ത് മികച്ച അദ്ധ്യാപകരും സൌകര്യങ്ങളുമൊക്കെ ക്കൊണ്ട് മറ്റേതു സ്കൂളുകള്‍ക്കും മാതൃകയായിരുന്ന 3 യു പി സ്കൂളുകളും 2 ഹൈസ്കൂളുകളും ഏലൂര് എന്ന എന്റെ നാട്ടില്‍ ഫാക്ടിനുണ്ടായിരുന്നു.....സ്പോര്ട്ട്സിലും കലാമത്സരങ്ങളിലും നിരവധി നേട്ടങ്ങള്‍ ഫാക്ടിലെ വിദ്യാര്‍ത്ഥികള്‍ അക്കാലത്ത് നേടുമായിരുന്നു....

ആ ഫാക്ടിന്റെയുപി സ്കൂളുകളിലൊന്നില്‍ അക്കാല ത്തു പഠിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തന്നെ കരുതുന്നു.....

ഇനി കാര്യത്തിലേക്ക് കടക്കാം....ഏഴാം ക്ലാസിലാണ് അന്ന്..

രാവിലെ തുടങ്ങുന്ന ക്ലാസ്സിന്റെ കാപ്സൂള്‍ ഇടവേളകളില്‍ പോലും പമ്പരവും ,ഫുട്ട് ബോളുമായൊക്കെ കളിക്കാന്‍ ഇറങ്ങുമായിരുന്നു അന്ന്...വൈകുന്നേരം

ക്ലാസ്സു വിട്ടാലും മടുക്കുന്നത്

വരെ ക്രിക്കറ്റും ഫുട്ബോളുമായി തകര്‍ത്തു നടക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് ആ സംഭവം നടന്നത്...

അന്ന് സ്കൂളിലെ അധ്യാപകരെല്ലാം എന്തോ മീറ്റിങ്ങിനായി ഫാക്ട്ടിന്റെ തന്നെ മറ്റൊരു സ്കൂളില്‍ പോയതിനാല്‍ നേരത്തെ സ്കൂളു വിട്ടു....ഞങ്ങള്‍ കളിക്കാര് പതിവ് പോലെ പന്തുമായി കളിക്കാനിറങ്ങി...കളിച്ചു മടുത്തു വീട്ടിലേക്കു പോകാന്‍ ഞാനും കൂട്ടുകാരും ബാഗുമെടുത്തു ഗേറ്റ് കടന്നപ്പോള്‍ പിന്നില്‍ നിന്നൊരു വിളി.....

സഹപാറി ബിനുവാണ്....തൊട്ടാവാടിയും ചൊറിയന്‍ ഇലകളും മധുരമുള്ള കൊട്ടക്കാ എന്ന് പേരുള്ള ചെറിയ കായുമൊക്കെ ചേര്‍ന്ന് കാട് പിടിച്ചു കിടക്കുന്ന

സ്കൂളിന്റെ ഒരു മൂലയില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന തെങ്ങിന്റെ താഴെ തേങ്ങ വീണു കിടപ്പുണ്ടത്ത്രെ...സമീപത്തെ ബേക്കറിയില്‍ കൊടുത്താല്‍ തേങ്ങ ഒന്നിന് രണ്ടു രൂപ കിട്ടും...സിപ് അപ്പിന് വില ഒരു രൂപയേയുള്ളൂ....ബാക്കി മിട്ടായി മേടിക്കാം,...ചെകുത്താന്‍ കൂട്ടുകാരന്റെ രൂപത്തില്‍ വന്നതാണോ എന്നറിയില്ല...തിരികെ സ്കൂളിലേക്ക് നടന്നു...

മനക്കണക്ക് കൂട്ടി കാടിനകതെക്ക്ഞാനും കൂട്ടുകാര് മൂന്നു പേരും(രതീഷ്‌,രാജേഷ്,ബിനേഷ് ) നൂണ്ടു കയറി.....വിരുതന്മാര്‍ ചിലര്‍ നമ്മെക്കാള്‍ മുന്‍പേ തേങ്ങയും കൊണ്ട് കടന്നിരിക്കുന്നു....നിരാശരായി പുറത്തേക്കു കടക്കാന്‍ വഴിതിരയുമ്പോള്‍ അതാ കിടക്കുന്നു തേങ്ങകള്‍......

ചിതല്‍ അരിച്ചിട്ടുണ്ട് എങ്കിലും കുലുക്കി നോക്കിയപ്പോള്‍ വെള്ളമുണ്ട്..ഭാഗ്യം...ഞങ്ങള്‍ നേരെ ബേക്കരിയിലേക്ക് പോയി തേങ്ങാ വിട്ടു സിപ് അപ്പും വാങ്ങി നുണഞ്ഞു ആഘോഷമായി വീട്ടിലേക്കു നടന്നു....പിറ്റേന്ന് രാവിലെ പതിവ് പോലെ സ്കൂളിലെത്തി....

ദേശീയ ഗാനവും കഴിഞ്ഞു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ പ്യൂണ്‍ സൂര്യന്‍ ക്ലാസിന്റെ വാതിക്കലെത്തി ക്ലാസ്സ്‌ ലീഡറോട് ഹെഡ് മാസ്റ്റര്‍ വിളിക്കുന്നുവെന്നറിയിച്ചു...ക്ലാസ്സ്‌ ലീഡര്‍ രതീഷ്‌ ഉടന്‍ ഹെഡ് മാസ്റ്ററെ കാണാന്‍ പുറപ്പെട്ടു..അപായമണിയൊന്നും അപ്പോള്‍ മുഴങ്ങിയില്ല.....അവന്‍ പോയി അല്‍പ്പ സമയം കഴിഞ്ഞു തിരിച്ചു വന്നുഞങ്ങളെ ....എന്നെയും...തലേന്ന് തേങ്ങ ഓപ്പരേഷനില്‍ പങ്കെടുത്ത മറ്റു കൂട്ടുകാരെയും ഹെഡ് മാസ്റ്ററുടെ റൂമില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം എത്ര ഗുരുതരമായിരിക്കുന്നു എന്നറിഞ്ഞത്...

തേങ്ങാ മോഷ്ട്ടിച്ചു വിട്ടു എന്നാണു കേസ്...ചിതലരിച്ചതോന്നും പ്രശ്നമല്ല...തേങ്ങ വിറ്റോ...വിറ്റു ...അതാണ്‌ കേസ്..ചിത്ര എന്നൊരു പെണ്‍കുട്ടി സല്‍പ്പേര് കിട്ടാന്‍ വേണ്ടി ഒറ്റിയതാണ്....തേങ്ങായേക്കാള്‍,   സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് ഉള്ള രാധാമണി ടീച്ചറിന്റെ വീട്ടില്‍ ആദ്യമായുണ്ടായ മാങ്ങ തല്ലിപ്പറിച്ചു കളഞ്ഞതാണ് പ്രധാന കേസ് ..ടീച്ചറോട് ഞങ്ങള്‍ ആ മഹാപാപികള്‍ക് വേണ്ടി ക്ഷമ പറഞ്ഞു,,,അവസാനം വീട്ടുകാരെ വിളിച്ചു കൊണ്ട് വന്നാല്‍ മതിയെന്ന് പറഞ്ഞതിന്റെ വെളിച്ചത്തില്‍ രക്ഷകര്താക്കളെ വിളിച്ചു കൊണ്ട് വന്നു ക്ലാസ്സില്‍ കയറി....എന്തിനേറെ പറയുന്നു...ഉള്ള മാനം കപ്പല്‍ കയറി ..... ഏഴാം ക്ലാസ്സില്‍ നിന്ന് നല്ല മാര്‍ക്കോട് ജയിച്ചു ഫാക്ടിന്റെ ഹൈസ്കൂളില്‍ ചേരുന്നതിനു വേണ്ടിഅമ്മയുടെ കൂടെ സ്കൂളില്‍ ചെന്ന് ഹെഡ് മാസ്റ്ററെ കണ്ടു...ഫാക്റ്റ് ഈസ്ടേണ്‍ യു പി സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്ന മൂത്തത് സാര്‍ ആണ് ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍...എല്ലാം പരിശോധിച്ച് അഡ്മിഷന്‍ തന്നു... നന്ദി പറഞ്ഞു അദ്ധേഹത്തിന്റെ ഓഫീസില്‍ നിന്ന് പുറത്തേക്കു നടക്കാനോരുങ്ങുമ്പോള്‍ അദ്ദേഹം അടുത്തേക്ക് വിളിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു....ഫാക്റ്റ്ഈസ്ടേണ്‍ യു പി സ്കൂളിനെക്കാള്‍ അധികം മാവും പ്ലാവും പുളിമരവും ഫാക്റ്റ്ഹൈസ്കൂളിലുണ്ട്..നിന്റെ അവിടുത്തെ പരിപാടി ഇവിടെ ഇറക്കരുത്....ഭൂമി പിളര്‍ന്നു ഇല്ലാണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആദ്യമായും

അവസാനവും ആയി ആഗ്രഹിച്ചത്‌ അന്നായിരുന്നു......

Wednesday, 8 February 2012

ഒരു പരേഡ് കഥ

  • ഒരു ജോലി കിട്ടുന്നത് ഭാഗ്യം.....സര്‍ക്കാര്‍ ജോലി കിട്ടുകയെന്നാല്‍ മഹാഭാഗ്യം.....തൊഴിലന്വേഷിച്ച്‌ നടക്കുന്ന കാലത്ത് സര്‍ക്കാര്‍ ഏതു ജോലിയാണെങ്കിലും അപേക്ഷ അയക്കുന്നത് ശീലവുമാകും...ഇഷ്ട്ടമില്ലാത്ത തൊഴില്‍ ആണെങ്കിലും അപേക്ഷ അയക്കും....അങ്ങനെ പോലീസ് ജോലിക്ക് അയച്ചവരുണ്ട്.....കുറെയേറെ പേരെങ്കിലും മറ്റു ജോലി കിട്ടുന്നത് വരെ ഒരു ഇടത്താവളമായല്ലോ എന്ന് കരുതുന്നവര്‍....ചിലര്‍ ഇഷ്ട്ടത്തോടെ വരുന്നവര്‍ ....ചിലര്‍ വരുന്നത് നിവൃത്തികേട് കൊണ്ട്...അങ്ങനെ എല്ലാ വിഭാഗക്കാരെയും കൊണ്ട് ഞങ്ങളുടെ ട്രെയിനിങ്ങും ആരംഭിച്ചു...ആദ്യ പടിയായി സുന്ദരമായി പരിപാലിച്ചിരുന്ന തലമുടി അരസികന്‍ ബാര്‍ബര്‍ നിഷ്ക്കരുണം വെട്ടിത്തള്ളൂമ്പോള്‍ എല്ലാ ബാച്ചുകളിലെയും പോലെ നെടുവീര്‍പ്പുകളുയര്‍ന്നു.... വിട്ടുപോയ സാധനങ്ങള് വാങ്ങാന്‍‍കാന്റീനില്‍ ചെന്നപ്പോള്‍ കാന്റീനിലെ ഡ്യൂട്ടിക്കാരന്‍ എടുത്തു തന്നത് ഉജാലയുടെ നിരവധി ബോട്ടിലുകളും വരയിടാത്ത പേപ്പറിന്റെ വലിയ പാക്കറ്റും.....ട്രെയിനിംഗ് പീരിയഡില്‍ ഇതിനൊക്കെ ഇത്ര ഏറെ പ്രാധാന്യം ഉണ്ടെന്നു ബനിയനില്‍ മുക്കിയ ഉജാലയുടെ കാലി ബോട്ടിലുകളും ഇമ്പോസ്സിഷന്‍ എഴുതി തീര്‍ത്ത പേപ്പറുകളും കാണുമ്പോഴാണ് മനസ്സിലാകുന്നത്‌..അത് പോട്ടെ.....അങ്ങനെ ഗുരുക്കന്മാര്‍ ‍ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കാന്‍ തുടങ്ങി....രാവിലത്തെ ചെറിയ ഓട്ടമൊക്കെക്കഴിഞ്ഞ് എക്സര്‍സായ്സുകളൊക്കെ ചെയ്തു ആദ്യഘട്ടം പിന്നിട്ടു....ചൂടന്‍ കഞ്ഞിയിലെക്കും കടലയിലെക്കും തലയിട്ടു ക്ഷീണമകറ്റി അടുത്ത ഘട്ടത്തിലേക്ക് കടന്നു...പരേഡ്...തിരുവനന്തപുരത്തുകാരന്‍ ഓഫീസര്‍ പരേഡ് നെക്കുറിച്ച് വിവരണം തുടങ്ങി.....മാര്‍ച്ച്‌ ചെയ്തു പോകുന്നത് പോലെ നടക്കാനാണ് ആദ്യം പറഞ്ഞത്...കൈകളൊക്കെ വീശ് ...കാല്‍ നേരെ വച്ച്....തലകള് ഉയര്‍ത്തി....ആജ്ഞകള്‍ അങ്ങനെയങ്ങനെ....ഇടക്ക് മുന്നില്‍ നടന്ന മാംസളമായ ശരീരത്തോട് കൂടിയ അഥവാ ബാലമംഗളത്തിലെ ഡിങ്കന്റെ ശരീരം പോലെയുള്ള ഒരുവനോട് ഓഫീസര്‍ ഷൌട്ട് ചെയ്യുന്നത് കേട്ടു....ഡേയ് ...നീ എന്തരു കാണിച്ചു നടക്കണത്‌....എടൊ കൈ വീശടോ....ഉയര്‍ത്തി.....നീ എന്തരു നടപ്പ് നടക്കണത്‌....പിന്നെ ഹവീല്‍ദാര്‍മാരോടായി ....ലവനോട് ചൊവ്വേ നടക്കാന്‍ പറയടെ....ആ തടിയന്‍...അവന്‍ തന്നെ.....എടെ നീ എന്തരു റോബോട്ട് നടക്കണപോലെ നടക്കണത്‌..... നിന്റെ പേര് പറയി....തടിയന്റെ നിഷ്ക്കളങ്കമായ മറുപടിയും പെട്ടെന്നായിരുന്നു......സര്‍...പേര് റോബര്‍ട്ട്‌ ഡിക്സണ്‍....വീട് നായരമ്പലം........
  • Monday, 6 February 2012

    അമ്പഴത്തിപ്പറമ്പ് മത്തായി മകന്‍ സേവി......

    ഒരിക്കല്‍ സബ്ജയിലില്‍ നിന്ന് ഒരു പ്രതിയെയും കൊണ്ട് കോടതിയില്‍ പോയി......അമ്പഴതിപ്പരമ്പ് മത്തായി മകന്‍ സേവി...അവിടെ കണ്ട പ്രതികളുടെയൊക്കെ വിശേഷം ഞങ്ങളോട് പറഞ്ഞു തന്നു സേവി...മടക്കയാത്രയില്‍ സേവി പറഞ്ഞു.....ഞാനീ കിടപ്പ് കുറെ കിടക്കേണ്ടി വരുമെന്ന് തോന്നു...ആരും വരില്ല സാറേ...മോളുടെ കല്യാണ മായിട്ടുണ്ട് ....ഞാന്‍ ഉണ്ടെങ്കില്‍ ചൊവ്വേ നടക്കില്ല...മദ്യവും കഞാവും ചെന്നാല്‍ എനിക്ക് ഭ്രാന്താണ്....ശല്യം ഒഴിഞ്ഞെന്നെ വീട്ടുകാര് കരുതു....അത് പറഞ്ഞപോള്‍ സേവിയൊന്നു ഇടറിയ പോലെ തോന്നി....ഇപ്പോഴത്തെ ഈ ജയില്‍ വാസത്തിനു കാരണം എന്തെന്ന് ഞാനന്വേഷിച്ചപ്പോള്‍ സേവി ആ കദന കഥ പറഞ്ഞു.....മദ്യവും കഞാവും ഇഴപിരിഞ്ഞു സേവിയുടെ തല ഇളക്കി മറിച്ച ഒരു ദിവസം സേവിക്കൊരാശ....സിനിമ ഒരെണ്ണം കാണണം...ഉച്ച വെയിലില്‍ ഒരാശ്വാസത്തിന് എയര്‍ കണ്ടീഷനരിന്റെ തണുപ്പില്‍ അല്‍പ്പം വിശ്രമിക്കണം....നേരെ തീയറ്റര് ലക്ഷ്യമാക്കി വച്ച് പിടിച്ചു.....പോകുന്ന വഴിയില്‍ തണലത്തു നില്‍ക്കുന്ന മാന്യമായി വേഷം ധരിച്ച ഒരാളോട് സേവി കുഴയുന്ന ശബ്ദത്തില്‍ സമയം ചോദിച്ചു....അയാള്‍ സേവിയെ സൂക്ഷിച്ചു നോക്കി....ഒന്നും മിണ്ടാതെ ദൂരേക്ക്‌ കണ്ണ് നട്ടു....സേവി പിന്നെയും ചോദിച്ചു....അയാള്‍ അപ്പോഴും ശ്രദ്ധിക്കാത്തത് പോലെ നിന്നു... ഉള്ളിലെ ലഹരി സേവിയുടെ ആത്മാഭിമാനത്തെ ഉണര്‍ത്തി....ആഹാ അത്രക്കായോ...എടൊ താന്‍ പൊട്ടനാണോടോ ....ടോ പൊട്ടാ തന്നോടല്ലേ ചോദിച്ചത്....സമയമെത്രയായീന്നു....പിന്നെ സേവിയുടെ പൂരപ്പാട്ടായിരുന്നു...അയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാനോരുങ്ങിയപ്പോള്‍ സേവി പറഞ്ഞു...താന്‍ കുറെ ഒലത്തും...അപ്പൊ തനിക്കു ചെവി കേള്‍ക്കാമല്ലേ....പൂരപ്പാട്ടിന്റെ ലഹരിയില്‍ മതിമറന്നു നിന്ന 5 മിനിട്ടിനകം എവിടെയെന്നൊക്കെയാണെന്നറിയില്ല സാറേ...കുറെ ലൈറ്റ് ഇട്ടജീപ്പുകളും ബൈക്ക്കളും പാഞ്ഞെത്തി...പിന്നെയാണ് അറിഞ്ഞതുസാരെ...അതൊരു ജഡ്ജ് ആയിരുന്നു...കേടായ വാഹനം നന്നാക്കാന്‍ ഡ്രൈവര്‍ മെക്കാനിക്കിനെ വിളിക്കാന്‍ പോയപ്പോള്‍ തണലയ്തെക്കിറങ്ങി നിന്നതാരുന്നു ജഡ്ജ്...ഹാ...പറഞ്ഞിട്ടെന്തു കാര്യം..സമയം മോശമാ..അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.....സേവി പറഞ്ഞു നിര്‍ത്തി....