Friday, 28 September 2012

സ്വാമി അല്‍ക്കുല്‍ത്താനന്ദ

കേരളത്തിലെ ഒരു പോലീസ് ക്യാമ്പിനോട് ചേര്‍ന്ന് ഒരു ചായക്കാടയുണ്ടായിരുന്നു.....ക്യാമ്പിലെ വിഭവങ്ങള്‍ സ്ഥിരം കഴിച്ചു മടുത്തതിനാലാണോ എന്തോ തൊട്ടടുത്തുള്ള ചായക്കടയിലേക്ക് പോലീസുകാര്‍ ഭക്ഷണം കഴിക്കാന്‍പോവുക പതിവാണ്......ചായക്കടക്കാരന്‍ അല്‍ക്കുല്‍ത്ത് എന്ന ഓമനപ്പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്....ഇടക്കിടെ കട കുറച്ചു നാളത്തേക്ക് അടഞ്ഞു കിടക്കും..എന്താ കാരണമെന്ന് ആര്‍ക്കും അറിയില്ല....അങ്ങനെ ഒരു നാള്‍ ചിലര്‍ അവിടെ ഭക്ഷണം കഴിക്കാന്‍ പോയി....കടയിലെ ഇത്തിരി പോന്ന ദോശക്കു സ്ഥിരം കൊടുക്കുന്ന പണം കൊടുത്തപ്പോള്‍ അല്‍ക്കുല്‍ത്ത് തല ചൊറിഞ്ഞു...സാറേ...ദോശയുടെ വില കൂടി...ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത വിലവര്‍ധന....കാരണവും അല്‍ക്കുല്‍ത്ത് തന്നെ പറഞ്ഞു....സര്‍ക്കാരു പുതിയ ഡി എ പ്രഖ്യാപിചില്ലേ സാറേ...പ്രഖ്യാപിച്ചതെയുള്ളൂ ...കയ്യിലോട്ട് പോലും കിട്ടിയിട്ടില്ല...അതിനു മുന്നേയാണ്‌ അല്‍ക്കുല്‍ത്തിന്റെ ഇരുട്ടടി..
.ഏതായാലും പിറ്റേന്ന് അല്‍ക്കുല്‍ത്തിന്റെ കടയിലെ ബെഞ്ച്‌ അടുത്ത പറമ്പില്‍ കാലൊടിഞ്ഞ അവസ്ഥയില്‍ കാണപ്പെട്ടു....അല്‍ക്കുല്‍ത്തു പരാതി നല്‍കി എങ്കിലും അന്ന് രാത്രി ഇരുളിന്റെ മറവില്‍ ,നന്നാക്കിയ ബെഞ്ച്‌ വീണ്ടും അടുത്ത റബ്ബര്‍ തോട്ടത്തിലെ ഇലകളുടെ പുറത്തു വിശ്രമിച്ചു....അല്‍ക്കുല്‍ത്ത് പിന്നെ പരാതി നല്‍കിയില്ല...അടുത്ത ദിവസം കടയില്‍ ചായ കുടിക്കാന്‍ പോയവര്‍ കടയിലെ പലഹാരങ്ങള്‍ നിരത്തിയിരിക്കുന്ന ചില്ലലമാരയില്‍ ഒട്ടിച്ചിരിക്കുന്ന വര്‍ണചിത്രം കണ്ടു ഞെട്ടി.....ചമ്രം പടിഞ്ഞു ധ്യാന നിമഗ്നനായി ഇരിക്കുന്ന അല്‍ക്കുല്‍ത്തിന്റെ തലയ്ക്കു പുറകില്‍ ദിവ്യപ്രഭ ....നെഞ്ചില്‍ പണ്ട് ഹനുമാന്‍ നെഞ്ച് പിളര്‍ന്നു തന്റെ ഭക്തി പ്രകടിപ്പിച്ചപ്പോള്‍ കണ്ടത് പോലെ ഒരു ചിത്രം അല്‍ക്കുല്‍ത്തിന്റെ നെഞ്ചിലും.....ഏതായാലും സ്വാമി അല്‍ക്കുല്‍ത്താനന്ദ സര്‍ക്കാരിന്റെ പുതിയ ഡി എ പ്രഖ്യാപനത്തിന് അനുസരിച്ച് വില കൂട്ടിക്കൊണ്ടേയിരുന്നു....ബെഞ്ചിന്റെ കാല്‍ പിന്നീട് ഒടിഞ്ഞതുമില്ല....കാരണമെന്തായിരിക്കാമെന്നത് നിങ്ങള്‍ തന്നെ ഊഹിച്ചെടുത്തോളൂ....

Thursday, 27 September 2012

ചില ബീവറേജു കഥകള്‍ ...

ചില ബീവറേജു കഥകള്‍ ...
കഥാനായകന്‍ ഇപ്പോള്‍ നില്‍ക്കുന്നത് നാനാത്വത്തില്‍ ഏകത്വവും ,സോഷ്യലിസം കമ്മ്യുണിസം തുടങ്ങിയ ഇസങ്ങളും ഒന്ന് പോലെ സംഗമിക്കുന്ന ബീവറേജു ഷോപ്പിന്റെ ക്യുവിലാണ്....അച്ചടക്കത്തിന്റെ കാര്യത്തില്‍ ബീവറേജുഷോപ്പിനു മുന്നില്‍ ക്യു നില്‍ക്കുന്നവര്‍ ലോകത്താകമാനമുള്ളവര്‍ക്ക് മാതൃകയാണല്ലോ...ഷോപ്പ് തുറക്കാന്‍ വന്ന ആളെ പ്പോലും ,ക്യുവിനിടയില്‍ കുത്തിക്കയറാന്‍ വന്നതാണെന്ന് കരുതി ക്യുവിനവസാനം കൊണ്ട് നിര്‍ത്തിയ കുടിയന്മാരുടെ കഥ നിങ്ങളും കേട്ടിരിക്കുമല്ലോ....നമ്മുടെ കഥാനായകന്‍ മദ്യപാനിയല്ല.... കൂട്ടുകാര്‍, വാഹനമോടിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയതിനാലും ,മദ്യപിച്ചു വണ്ടിയോടിച്ചാല്‍ പോലീസ് പിടിക്കുമെന്ന് അവര്‍ക്ക് അല്പം ഭയമുള്ളതിനാലും മദ്യപിക്കാത്ത ഇദ്ധേഹം ഈ ക്യുവില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്...ആഴ്ചാവസാനം ആയതിനാല്‍ നല്ല തിരക്കുണ്ട്‌ ....ക്യു നീണ്ടു നീണ്ടു തൊട്ടടുത്തുള്ള കടയു
ം കഴിഞ്ഞു പോയപ്പോള്‍ ആ കടയുടെ ഉടമസ്ഥന്‍ ആക്രോശിച്ചു.....നിങ്ങളീ കടയുടെ മുന്നില്‍ നിന്നാല്‍ ഞങ്ങളുടെ കച്ചോടം നടക്കണ്ടേ എന്ന് പറഞ്ഞു ക്ഷോഭത്തിന്റെ ഗിയര്‍ മുന്നോട്ടിട്ടതും അച്ചടക്കമുള്ള കുടിയന്മാര്‍ അതൊരു വെല്ലുവിളിയായി കണ്ടു പാമ്പിനെ പോലെ വളഞ്ഞു വളഞ്ഞു ക്യുവിന്റെ നീളം കുറച്ചത് കണ്ടു കഥാനായകന്‍ അത്ഭുതം കൊണ്ടു...അവസാന ബസ് ഇപ്പോള്‍ പോകും ,ഒരെണ്ണം വാങ്ങിചോട്ടെ എന്ന് ചോദിച്ച പട്ടിക്കാട്ടുമൂലക്കാരനെ ക്യുവിന്റെ എല്ലാ നിയന്ത്രണങ്ങളും മരവിപ്പിച്ചു കുടിയന്മാരെല്ലാരും ഒരു മനസ്സാലെ, വിശാല ഹൃദയരായി മാറി വാങ്ങാന്‍ അനുവദിച്ച കാഴ്ച കഥാനായകന് അവരോടുള്ള ബഹുമാനം ഇരട്ടിപ്പിച്ചു...ചിലര്‍ സര്‍ക്കാരിന് തങ്ങള്‍ നല്‍കുന്ന സംഭാവനകളെ വാഴ്ത്തിപ്പറഞ്ഞു ....തങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ പോലീസ് അടപ്പിക്കുന്ന ഫൈന്‍ കൊണ്ടാണ് ദിനം സര്‍ക്കാരിന്റെ ദിനകാര്യങ്ങള്‍ ഈ നാട്ടില്‍ നടക്കുന്നത് എന്നൊരാള്‍ ....അവരുടെ വിശാല കാഴ്ചപ്പാടും ഉദാരമനസ്കതയും കണ്ടു കണ്ടു നടക്കുമ്പോള്‍ നായകന്‍റെ ഊഴം വന്നെത്തി....കൂട്ടുകാര്‍ പറഞ്ഞ ബ്രാന്‍ഡ് പറഞ്ഞപ്പോള്‍ സാധനം സ്റ്റോക്ക് ഇല്ലാത്രേ ....ക്യുവില്‍ നിന്ന് പുറത്തുകടന്നു കൂട്ടുകാരെ ഫോണില്‍ വിളിച്ചപ്പോള്‍ അടുത്ത ബ്രാന്‍ഡ്‌ കാതില്‍ മുഴങ്ങി....വീണ്ടും ക്യുവിന്റെ അവസാനം പോയി നിന്ന് ഊഴം വന്നപ്പോഴും ഇതു തന്നെ അവസ്ഥ ....സാധനം സ്റ്റോക്ക് ഇല്ല...പിന്നേം ഫോണ്‍ വിളിയായി....കൊള്ളാവുന്നത് നോക്കി ഒരെണ്ണം വാങ്ങിക്കു എന്ന് പറഞ്ഞ കൂട്ടുകാരെ നിരാശപ്പെടുത്താതിരിക്കാന്‍ അറിയാവുന്ന ഒരു ബ്രാന്‍ഡി ന്‍റെ പേര് പറഞ്ഞു....ബില്ല് പറഞ്ഞപ്പോള്‍ കൂട്ടുകാരു തന്നു വിട്ട പണം പോരാ...സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കൊടുത്ത് അവിടെ നിന്ന് ഒരു കണക്കിന്കൂട്ടുകാരുടെ അടുത്തെത്തി....നിനക്ക് ആ ബ്രാന്‍ഡ്‌ ഉണ്ടോന്നു ചോദിച്ചിട്ട് ക്യുവില്‍ നിന്നാല്‍ പോരായിരുന്നോ...ഫോണ്‍ വിളിക്കാന്‍ വേണ്ടി ക്യുവില്‍ നിന്ന് മാറിയാലും ഒരു പ്രിഫറന്‍സ് നിനക്കവിടെയുണ്ട്...എന്ത് കൊണ്ടു ഉപയോഗപ്പെടുത്തിയില്ല....അങ്ങനെഅങ്ങനെ നാലുപാടു നിന്നും തങ്ങളുടെ പ്രവൃത്തി പരിചയം വെളിവാക്കുന്ന തിയറിക്ലാസും ......കയ്യിലെ കാശും പോയി....ഇവന്മാരുടെ മെക്കിട്ടു കയറ്റവും....അങ്ങനെയാണത്രെ കഥാനായകന്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയത്...ബിയറിന്റെ ബലത്തില്‍, പോലീസ് പിടിക്കുമെന്ന് പറഞ്ഞു ബീവറേജു ഷോപ്പിന്റെ നീളന്‍ ക്യുവില്‍ നിന്ന് അവധിയെടുത്തു അയാള്‍ സമയവും പോക്കറ്റും സുരക്ഷിതമാക്കി....

Wednesday, 26 September 2012

എമെര്‍ജിംഗ് കേരള

എറണാകുളത്തു ഫോര്‍ ഷോര്‍ റോഡ്‌ എന്നൊരു റോഡ്‌ ഉണ്ട്....കൊച്ചിക്കായലിനോട് ചേര്‍ന്ന്.....സുഭാഷ്‌ പാര്‍ക്കിലെ തണല്‍ മരങ്ങള്‍ക്കടിയില്‍ ആളുകള്‍ ഇരിക്കുന്നത് പോലെ ഫോര്‍ ഷോര്‍ റോഡിന്റെ അരികിലെ കായലിനോട് ചേര്‍ന്നുള്ള കല്‍ക്കെട്ടില്‍ ആളുകള്‍ ഇരുന്നിരുന്നു.....രാത്രിയിലെ നിഴലനക്കങ്ങള്‍ അല്പം ശങ്കക്കിടയാക്കുന്നതായിരുന്നു....നല്ല റോഡ്‌ ആയിരുന്നതിനാല്‍ യുവകോമളന്മാര്‍ തങ്ങളുടെ വാഹനത്തിന്റെ വേഗത കൂട്ടുന്നത്‌ പ
തിവായപ്പോള്‍ പോലിസ് പരിശോധനയും പതിവായി.....കാലം കടന്നപ്പോള്‍ പതിവ് പോലെ റോഡും തകര്‍ന്നു..ഗട്ടരിലെ ചെളിവെള്ളം വായില്‍ തെറിച്ചു വീഴുമെന്നു കരുതിയാനാവോ, ആളുകള്‍ പഴയത് പോലെ സമയം കൊല്ലാന്‍ ഇരിക്കാറില്ല....ബസില്‍ യാത്ര ചെയ്യുന്നവരും കാര്‍ യാത്രക്കാരും ഇരുചക്രവാഹനക്കാരും എല്ലാരും ഗട്ടരിന്റെ താളത്തിനൊപ്പിച്ചു ഇളകിയാടി....രാത്രി ഫേസ് ബുക്കില്‍ കുത്തിയിരിക്കുമ്പോള്‍ കോളേജ് സുഹൃത്തിന്റെ ആവശ്യം ഈ ഫോര്‍ ഷോര്‍ റോഡിന്‍റെ ദുരന്തചിത്രം പോസ്റ്റ്‌ ചെയ്യണം എന്നായിരുന്നു..കാണേണ്ടവര്‍ കാണട്ടെ ,പ്രതികരിക്കട്ടെ എന്നൊരു ആഗ്രഹവും പറഞ്ഞു.....രണ്ടു ദിവസം മുന്നേ ഞാന്‍ അതെടുത്തു പോസ്റ്റ്‌ ചെയ്യുകയും ചെയ്തു....ഫോട്ടോ കണ്ടപ്പോള്‍ ഈ നരകയാതനക്കൊരു കാലത്തും അറുതിയാകുകയില്ല എന്നൊരു പെണ്‍മണിയുടെ നിരാശ കലര്‍ന്ന കമന്റ്...എന്നാല്‍ എന്റെ പ്രിയ സുഹൃത്തുക്കളെ ....നിങ്ങള്‍ അറിഞോളു.....ഒരു കാലത്തും നിങ്ങള്‍ നന്നാകുകയില്ല എന്ന് പറഞ്ഞ ആ റോഡിലെ ഗട്ടരിനു മുകളില്‍ ഇന്നലെ രാവിലെ ടാറും മെറ്റലും വീണു കഴിഞ്ഞു.....പ്രധാനമന്ത്രി വരുന്നുണ്ടത്ത്രെ......എമെര്‍ജിംഗ് കേരളയാണ് പോലും.....നാടും നഗരവും വൃത്തിയാകുന്നു.....വഴിമുടക്കി നിന്ന കോമള സുന്ദരവദനങ്ങള്‍ നിറഞ്ഞ ഫ്ലക്സുകള്‍ എല്ലാം നാട് നീങ്ങുന്നു....റോഡരികില്‍ തിങ്ങിക്കിടന്ന മണ്ണും മണലും കോരി നീക്കുന്നു...ഇതൊക്കെ കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്നു.... ദൈവമേ...എന്തൊക്കെ പ്രതിഷേധമുണ്ടെങ്കിലും എമെര്‍ജിംഗ് കേരള എല്ലാ വര്‍ഷവും വരണേ..... ( തട്ടുകടക്കാരെ , കരിക്ക് കച്ചവടക്കാരെ........നിങ്ങള്‍ ഈയുള്ളവനോട് ക്ഷമിച്ചാലും.....)

,വേദിയുണര്‍ത്തല്‍ അഥവാ പണി പാളിയ കഥ....

ജീവിതത്തിന്‍റെ തിരക്കില്‍ , ഒന്നിനും സമയം കിട്ടാതെ അവനവന്‍റെ കാര്യം നോക്കി മാത്രം ജീവിക്കുന്ന നഗരവാസികളുടെ ഗതികേടിലേക്ക് എന്‍റെ നാട്ടുകാരും പോയി ക്കൊണ്ടിരുന്നപ്പോഴാണ് ഞങ്ങളുടെ നാട്ടില്‍ റെസിഡെന്‍ട്സ് അസോസിയേഷനുകള്‍ രൂപം കൊണ്ടത്‌.... ,,...ഇവിടെ ജനിച്ചു വീണവരും ഇങ്ങോട്ട് എത്തിപ്പെട്ടവരും തമ്മില്‍ പരിചയമില്ലാത്ത അവസ്ഥക്ക് ഒരു മാറ്റം വേണമല്ലോ എന്നാ ആലോചനയില്‍ നിന്നാണ് ഞങ്ങളുടെ കുടുംബങ്ങളുടെ കൂട്ടായ്മ
യായ കൈരളി റെസിഡെന്‍ട്സ് അസോസിയേഷന്‍ രൂപം കൊണ്ടത്... പ്രമുഖരെയൊക്കെ ഉള്‍പ്പെടുത്തി ഉദ്ഘാടന തീയതി തീരുമാനിച്ചു....ഇനി കലാപരിപാടികള്‍ വേണം...ഫണ്ട് ആയിട്ടില്ല....കുട്ടികളെ കൊണ്ട് പരിപാടി അവതരിപ്പിക്കാം..അങ്ങനെ ചെലവ് കുറയ്ക്കാം.....ഒരു കമ്മറ്റിയംഗം പറഞ്ഞു....എന്നാലും വൈകുന്നേരം അതിഥികള്‍ വരുന്നതിനു ആള് കൂടണമെങ്കില്‍ ആളുകളെയൊക്കെ ആകര്‍ഷിക്കാന്‍ പറ്റിയ എന്തെങ്കിലും വേണ്ടേ...പരിപാടിക്കൊരു കൊഴുപ്പ് കിട്ടാന്‍ ശിങ്കാരിമേളം ആയാലോ എന്ന് വേറൊരു അംഗം...അത് കൊള്ളാം..പക്ഷെ കാശ് കുറച്ചു പരിപാടി ചെയ്യാന്‍ പറ്റിയ ആള് വേണ്ടേ...ഞാനൊന്നു നോക്കട്ടെ....ഖജാന്‍ജി, ജോസഫ് മാത്യു എന്ന പാപ്പി പറഞ്ഞു...പാപ്പി ഫോണെടുത്തു കിടത്തി ആരോടൊക്കെയോ സംസാരിച്ചു...ആ സംഗതി ഓക്കേ...ഒരു പയ്യനെ കിട്ടിയിട്ടുണ്ട് .കാശും കുറവാ...അവരുടെ സ്ഥിരം ടീമല്ല...അതിലെ ആളുകളൊക്കെ ഉണ്ടാകും...ഒരു ഡ്യുപ്ലിക്കേറ്റു ടീം ...അപ്പൊ നോട്ടീസില്‍ ടീമിനു പറ്റിയ ഒരു കലക്കന്‍ പേര് വേണമല്ലോ...പാപ്പി തന്നെ പേരും പറഞ്ഞു...അങ്ങനെ ,വൈകിട്ട് നാല് മണി മുതല്‍ വേദിയുണര്ത്തല്‍ പരിപാടിയായി നിധീഷ്കളമശ്ശേരി നയിക്കുന്ന കൊച്ചിന്‍ ഡായനാമിക്സിന്റെ ശിങ്കാരിമേളം എന്ന് നോടിസില്‍ അച്ചടിച്ച്‌ നാടെങ്ങും വിതരണം ചെയ്തു.... ഉദ്ഘാടന ദിവസമായി....ഞങ്ങള്‍ കമ്മറ്റിക്കാര്‍ എല്ലാരും പരിപാടി ഉഷാറാക്കാന്‍ ഓടി നടക്കുന്നു.....നാല് മണി കഴിഞ്ഞിട്ടും മേളക്കാരനെത്തിയില്ല....പാപ്പി ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ അങ്ങേത്തലക്കല്‍ നിന്ന് ആ ഫോണ്‍ ചത്ത്‌ മലച്ചതായി അറിയിപ്പ് വന്നു...ഉദ്ഘാടന സമയമായി....ഇനി മേളമൊന്നും വേണ്ടാ...പരിപാടി തുടങ്ങാം....സെക്രെട്ടറി എന്ന നിലയില്‍ എന്‍റെ സ്വാഗത പ്രസംഗം കഴിഞ്ഞു ഹാളിനു പുറത്തു കടന്നപ്പോള്‍ ഒരു പയ്യന്‍ ഒരു സ്ത്രീയുടെ കൂടെ പാപ്പിയുടെ അടുത്തു സംസാരിക്കുന്നു....പാപ്പി ദേഷ്യത്തില്‍ സംസാരിക്കുന്നുണ്ട്....ഞാനടുത്തു ചെന്ന് എന്താ കാര്യമെന്ന് തിരക്കി....പാപ്പി കാര്യം പറഞ്ഞു...അതിതാണ്.....അവന്‍ കൊട്ടുന്ന മേള സംഘത്തിന്റെ .ആശാന്റെ അനുവാദം കൂടാതെ പരിപാടി പിടിച്ചതിനു പയ്യന്റെ കൂടെ കൊട്ടെണ്ടവരെയൊക്കെ ആശാന്‍ വേറെ മേളത്തിന് വിട്ടു... .പയ്യനെ ആശാന്‍ ചതിച്ചു...പാപ്പിയുടെ അടി ഭയന്ന് അമ്മയെ വിളിച്ചു കൊണ്ട് വന്നിരിക്കുകയാണ് പയ്യന്‍....,,,...ഇനിയെന്തു ചെയ്യാനാ...പയ്യനെ അവന്റെ പാട്ടിനു വിട്ടു....നാളുകള്‍ കഴിഞ്ഞു കൈരളിയുടെ ഒന്നാം വാര്‍ഷികമായി.....പ്രോഗ്രാം നോട്ടീസും കൊണ്ട് ഓരോ വീടും കയറി അസോസിയേഷന്‍ മെമ്പറായ മണി ചേട്ടന്റെ വീട്ടിലെത്തി.....നോട്ടീസൊക്കെ കൊടുത്ത് കഴിഞ്ഞപ്പോള്‍ മണി ചേട്ടന്‍ ഒരു ചോദ്യം....നിങ്ങളുടെ വേദിയുണര്‍ത്തല്‍ പരിപാടി ഇപ്പ്രാവശ്യവുമുണ്ടോ....ഒന്ന് കാണാനാ...പിന്നെ ഒരു ആക്കിയ ചിരിയും ... ...ഒരു ഉണര്‍ത്തലുമില്ലേ ..സുല്ല്...സുല്ല്... ....ഒരു കണക്കിന് തടി തപ്പി എന്ന് പറഞ്ഞാല്‍ മതിയല്ലോ......അത് കൊണ്ട് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നു....ആശാന്റെ അനുവാദം കിട്ടാതെ ഒരു ശിഷ്യനേം പരിപാടി ഏല്‍പ്പിക്കരുത്......

ചില പെണ്‍കഥകള്‍ ....

ക്ലോസപ്പ് പുന്ജിരിയുമായി വന്നു ,അവസാന ലാപ്പ് ഓടിക്കൊണ്ടിരിക്കുന്ന അപ്പാപ്പന്മാരെയും അമ്മാമ്മമാരെയും ചാക്കിലാക്കി പോളിംഗ് ബൂത്തിലെത്തിച്ചു ജയിച്ചു കയറിയ സ്ഥാനാര്‍ഥിയെ അല്ല വാര്‍ഡ്‌ മെമ്പറെ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടാത്ത അവസ്ഥക്ക് ഒരു മാറ്റമുണ്ടാക്കിയത് ജനകീയാസൂത്രണം വഴിയാണ് എന്ന് വിശ്വസിക്കുന്നവനാണ് ഈയുള്ളവന്‍ ....മെമ്പറെ അന്വേഷിക്കാന്‍ ജയിപ്പിച്ചു വിട്ടവരും അത് വരെ ശ്രമിച്ചിരുന്നില്ല എന്ന
താണ് വാസ്തവം....ചുരുങ്ങിയ പക്ഷം എന്‍റെ നാട്ടിലെങ്കിലും....പദ്ധതി പ്രകാരം വിതരണം ചെയ്ത ആടും കോഴിയുമൊക്കെ തീന്‍ മേശയിലെ വിഭവങ്ങള്‍ ആയെങ്കിലും അധികാര വികേന്ദ്രീകരണം സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ വഴിയില്ല...ഇന്നിപ്പോ കുടുംബ ശ്രീ ആയി...സ്വയം തൊഴിലുറപ്പ് പദ്ധതിയായി......അത് കൊണ്ട് അതിനെ കുറിച്ചാകാം കഥ... ഞാന്‍ പറയാന്‍ പോകുന്ന കുടുംബശ്രീയിലെ പെണ്മണികള്‍ ഞായറാഴ്ച സമ്മേളിച്ചിരുന്നത് പോര്മുഖത്തു ശത്രു രാജ്യങ്ങള്‍ നേര്‍ക്ക്‌ നേര്‍ വരുന്നതിനെ അനുസ്മരിപ്പിച്ചിരുന്നു....ഒരാള്‍ പറയുന്നതിനെ അടുത്തയാള്‍ വെട്ടും...ഇടയ്ക്ക് വീടുകളില്‍ നിന്ന് പുരുഷ പ്രജകള്‍ തല പുറത്തേക്കിട്ടു കാത്തു കൂര്‍പ്പിക്കും....തന്റെ ഭാര്യയുടെ ശബ്ദമാണോ ഉയര്‍ന്നു കേള്‍ക്കുന്നത് എന്നറിയാന്‍ .....ചില നേരം സെക്രെട്ടരിയുടെ എകാതിപത്ത്യം അംഗീകരിച്ചു തരാന്‍ പട്ടില്ലായെന്നു എല്ലാരും കൂടി ഒത്തൊരുമിച്ചു പറയുന്നത് കേള്‍ക്കാം....അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച യുദ്ധം തുടങ്ങി...പരസ്പരം പോരടിച്ചു ക്ഷീണിച്ചപ്പോള്‍ ചിലര്‍ വാക്കൌട്ട് നടത്തി...അവസാനം സെക്രെട്ടറി മാത്രം ബാക്കിയായി...സമയം പോയി...ആരും തിരിച്ചു വരുന്നില്ല....സെക്രട്ടറി ഓരോരുത്തരുടെ വീട്ടില്‍ പോയി വിളി തുടങ്ങി....ഒന്ന് വാന്നെ...യോഗം അവസാനിപ്പികാനുള്ളതാ...ഇല്ലാ ഇല്ലാ ഇല്ലാ...എല്ലാരുടെയും മറുപടി ഒന്നായിരുന്നു...പിന്നെ കണ്ട കാഴ്ച ഇതാണ്....പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു , ദേശീയ ഗാനം ഒറ്റയ്ക്ക് പാടി ഈ യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു ഞങ്ങള്‍ ഒളിച്ചു നിന്ന് വീക്ഷിക്കുന്നവര്‍ക്ക് തല കുത്തി നിന്ന് ചിരിക്കാന്‍ വകയൊപ്പിച്ചാണ് സെക്രെട്ടറി യോഗനടപടികള്‍ പൂര്‍ത്തിയാക്കിയത്....
ചാറ്റല്‍ മഴയുള്ളൊരു ദിവസം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കുറെ പെണ്മണികള്‍ ചേര്‍ന്ന് ഒരു കാന വൃത്തിയാക്കുന്നു നഗരത്തിലെ അഴുക്കു നിറഞ്ഞ കാനയല്ല...മണ്ണും മണലും നിറഞ്ഞു പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഒരു കാന ...മണ്ണ് തോണ്ടി കരയിലിടുന്നുണ്ട്‌ എല്ലാരും...രണ്ടു ദിവസം കഴിഞ്ഞു അത് വഴി പോകുമ്പോള്‍ എല്ലാ മണ്ണും വീണ്ടും കാനക്കകത്ത് തന്നെ വീണു കിടക്കുന്നു ...ആ കലാപരിപാടിയായിരുന്നു സ്വയം തൊഴിലുറപ്പ് പദ്ധതി...നാളെയും കോരാന്‍ വല്ലതും വേണമല്ലോ....ആ പെണ്മണികള്‍ സ്വയം തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായിരുന്നു...ഇതൊക്കെയാണെങ്കിലും പെന്മാനികളെ..നിങ്ങള്‍ ബുദ്ധി ശാലികളാണ് ....കേരളത്തില്‍ മാത്രമല്ല അങ്ങ് കേന്ദ്രത്തിലും അമ്പതു ശതമാനം കിട്ടാന്‍ യോഗ്യരാണ്‌... നിങ്ങള്‍ ...ഇതൊരു കഥ മാത്രം...കെരുവിക്കരുതെ...

ആരോഗ്യ സാമിക്ക് ഡബര് മിട്ടായി...

ആരോഗ്യ സാമിക്ക് ഡബര് മിട്ടായി...ഈ തമാശ പാട്ട് ഒരു ദിവസം രാവിലെ വെറുതെയങ്ങു നാവിന്‍ തുമ്പില്‍ കയറിപ്പ റ്റിയതാണ്....ഇതെന്തേ ഇപ്പോഴോര്‍ക്കാന്‍ ..ഈ പാട്ട് തുടങ്ങുന്നതെങ്ങനെയെന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല....ആലോചിച്ചു ആലോചിച്ചു അവസാനം സുല്ലിട്ട്ടു....എവിടെ വച്ചാണ് ഈ പാട്ട് കേട്ടിട്ടുള്ളത്....ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ കുറെ പിന്നോട്ടെക്കോടി. 5 വയസ്സ് വരെ ഞാന്‍ വളര്‍ന്ന അമ്മ വീടിരിക്കുന്ന ആലുവയില്‍ നിന്ന് ഏതാനും കിലോമീടര്‍ മാത്രം അകലെയുള്ള അശോക പുരം എന്ന ഗ്രാമത്തിലേക്ക്...ആലുവ ടൌണ്‍ വികസനത്തിന് വഴി മാറിയപ്പോഴും പരിഷ്ക്കാരം എത്തി നോക്കാന്‍ വൈകിയ ആ നാട്ടുമ്പുറത്തെ നന്‍മകള്‍ എനിക്ക് നഷ്ട്ടമായിട്ടു വര്ഷം 28 ആയിരിക്കുന്നു...വിഷപ്പുക നിറഞ്ഞ എലൂരിലേക്ക് പറിച്ചു നടപ്പെട്ട 28 വര്‍ഷങ്ങള്‍ ...ആലുവ കംബനിപ്പടിയില്‍ നിന്ന് റെയില്‍ വേ ട്രാക്ക് മുറിച്ചു കടന്നു കുറച്ചു പോയാല്‍ കാണുന്ന കട്ടേപ്പാടം എന്ന വിസ്തൃതമായ പാട ശേഖരത്തിലെ വരമ്പുകള്‍ ഭേദിച്ച് നടക്കുന്ന വഴികളില്‍ എപ്പോഴും വെള്ളം കെട്ടി നിന്നിരുന്നു....സ്റ്റാന്‍ഡേര്‍ഡ് പോട്ടരീസിലെ ജീവനക്കാരനായ അച്ചാച്ചനെ കാണാന്‍ പോയിട്ട് തിരിച്ചു വീട്ടിലേക്കു പോകുന്നത് ഈ പാടത്തിലൂടെയായിരുന്നു...നല്ല നിറമുള്ള പന്ജാര മണലുകള്‍ നിറഞ്ഞ വഴിയിലെ വെള്ളം പകല്‍ വെയിലില്‍ ചൂട് പിടിച്ചങ്ങനെ കിടക്കും....ചെറുചൂടുള്ള വെള്ളത്തിലെ മണലില്‍ കാലുകള്‍ പൂഴ്ത്തി വയലില്‍ കാണുന്ന ഞവണിക്കയെ പിടിച്ചു ,പാമ്പിനെ കാണുമ്പോള്‍ മുട്ടൊപ്പമുള്ള വെള്ളത്തില്‍ കുതിച്ചു ചാടിയോടി ചെന്ന് കയറുന്നത് ചെവിക്കു പതമുള്ള വാസുവേട്ടന്റെയും ഭാര്യ കര്‍മ്മിലി താത്തിയുടെയും വീട്ടിലേക്കാണ്....അവരുടെ ഏക്കര് കണക്കായ ഭൂമിലെ കൃഷിക്ക് വെള്ളം എത്തിക്കുന്നതിനായി കുഴിച്ച വലിയ കുളത്തിലെ അറിയാന്ടെങ്ങാനും പെട്ട് പോയ നീര്‍ക്കോലി പാമ്പ് ആളെകാണുമ്പോള്‍കരിങ്കല്‍കെട്ടിനിടയിലേക്ക്പായുമായിരുന്നു...കുട്ടിക്കാലത്ത് ആ വീട്ടിലെ കുഞ്ഞുമോന്‍ ചേട്ടനായിരുന്നു കൂട്ട്....12 വയസ്സോളം മൂത്ത ആളോടൊപ്പം തൊടിയിലെ കശുമാങ്ങയും ,മാങ്ങയും പറിച്ചു നടന്ന കാലത്ത് കിട്ടിയ പാട്ടാണ് ആരോഗ്യ സാമിക്ക് ഡബര് മിട്ടായി....ചേട്ടന്‍ എത്തമ്മോന്‍ വരുമ്പോള്‍ കുഞ്ഞോന്‍ചേട്ടന്റെ യൊപ്പം മരത്തിലിരുന്നു എത്തമ്മോനെ ആരോഗ്യ സാമി എന്ന് വിളിച്ച് ഞങ്ങള്‍ കളിയാക്കിപ്പാടുന്ന പാട്ടായിരുന്നു അത്...
അതൊരു കാലം....ഇന്നലെ അശോകപുരത്തെക്ക് വെറുതെ ഒന്ന് പോയി...നാളേറെയായി അവിടെ ചെന്നിട്ട് ...പണ്ട് കുളിച്ചിരുന്ന , വലിയ മരങ്ങള്‍ കല്ലുകളില്‍ വേരുകളാഴ്ത്തി അതിര് കാത്തിരുന്ന ചിറ കാണിക്കാന്‍ ഭാര്യയേയും കിങ്ങിണി ,കുഞ്ഞാപ്പു മാരെയും കൊണ്ട് പോയി....പാടത്ത് കൂടി അങ്ങോട്ടേക്കടുക്കുമ്പോള്‍ പുല്ലു തിന്നു കൊണ്ടിരുന്ന പോത്തിനെ കണ്ടപ്പോള്‍ ഒന്നര വയസ്സുകാരന്‍ കുഞ്ഞാപ്പു പറഞ്ഞു....അച്ചേ....ആന...തൊട്ടാവാടി കൈകൊണ്ടു തൊടുമ്പോള്‍ വാടുന്നത് കണ്ട്‌ രണ്ടു പേരുടെയും കണ്ണുകളില്‍ അത്ഭുതം...കമ്മല്‍ പോലുള്ള മഞ്ഞ പൂവിന്റെ പൊള്ളല്‍ അനുഭവിച്ചറിഞ്ഞ കിങ്ങിണിയോടു പല്ലിനു വേദന വരുമ്പോള്‍ ഇതു കടിച്ചു പിടിച്ചാല്‍ മതിയെന്ന് ഭാര്യയുടെ നാടന്‍ വൈദ്യപഠന ക്ലാസ് ....മുട്ട കാണാതാകുമ്പോഴാനത്രേ പ്രാകി കൊണ്ട് ഉച്ചത്തില്‍ കരഞ്ഞു വിളിച്ചു നടക്കുന്ന ഒട്ടേചി ക്കിളിയെയും കൊക്കിനെയുമൊക്കെ അടുത്തു കണ്ടു പിള്ളേര് രണ്ടും ത്രില്ലടിച്ചിരിക്കുന്നു...പണ്ട് ഒറ്റ തോര്‍ത്തുടുതും അല്ലാതെയും ഞങ്ങള്‍ കുളിച്ചിരുന്ന ചിറയില്‍ ഇന്നു പുതുതലമുറ ബര്‍മുഡയില്‍ കുളിച്ചു തകര്‍ക്കുന്നു....ചിറയില്‍ നിറയെ നീളന്‍ പായലും, തെര്‍മോകോള്‍ കഷ്ണങ്ങളും..ആകെ വൃത്തി കേട്‌ ....മരങ്ങളൊന്നും തന്നെ അവിടെയില്ല....ചിറ ആകെ മാറിപ്പോയതിന്റെ നിരാശയില്‍ തിരികെ നടക്കുമ്പോള്‍ എതിരെ പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരാള്‍ വന്നപ്പോള്‍ എന്റെ കുഞ്ഞാപ്പു അപ്പാപ്പേ ദേ എന്ന് പറഞ്ഞു പറന്നു പോകുന്ന കൊക്കുകളെ ചൂണ്ടിക്കാട്ടി...ആരോ ഒരാള്‍ എന്നെ ഞാനും കരുതിയുള്ളു...വന്ന ആള്‍ എന്റെ നേരെ ഒരു ചോദ്യം...നിനക്കെന്നെ മനസ്സിലായോ...ഞാന്‍ സൂക്ഷിച്ചു നോക്കി...ഒന്നേ ആലോചിചുള്ളൂ ... ഞാന്‍ പറഞ്ഞു..കുഞ്ഞുമോന്‍ ചേട്ടന്‍ ... ആളാകെ മാറി ...കുഞ്ഞുന്നാളില്‍ കണ്ടതാണ് എങ്കിലും ആ ചിരി കൊണ്ട് ആളെ പെട്ടെന്ന് പിടി കിട്ടി........ഞാന്‍ ചിറ കാണാന്‍ പോയിട്ടുണ്ട് എന്നറിഞ്ഞു വന്നതാണ്... വിശേഷം ചോദിച്ചപ്പോള്‍ ആളിന്ന് പ്രശസ്തമായ ഒരു കോളേജിലെ ഇംഗ്ലീഷ് അധ്യാപകനാണ്...ഞാന്‍ പിന്നെ ചോദിച്ചതിതാണ്‌ ....നമ്മുടെ ആ പഴയ ആരോഗ്യ സാമിയുടെ പാട്ടെങ്ങനെയാണ്...ചേട്ടന്റെ ഓര്‍മയില്‍ നിന്ന് കിട്ടിയതിതാണ്....മണിയന്‍ ചെട്ടിക്കു മണി മിട്ടായി...മധുരക്കുട്ടിക്കു പന്ജാര മുട്ടായി...ഈ ആരോഗ്യ സാമിക്ക് എന്ത് മിട്ടായി....ഈ ആരോഗ്യ സാമിക്ക് ഡബര് മിട്ടായി.....വെറുതെയായിരിക്കില്ല ദിവസങ്ങള്‍ക്കു മുന്‍പ് എന്‍റെ നാവിന്‍ തുമ്പിലേക്ക്‌ ആ പാട്ട് കയറി വന്നത് എന്നു ഞാന്‍ ചേട്ടനോട് പറഞ്ഞു....ചേട്ടനുമൊത്തു ഒരു പാട് വിശേഷങ്ങള്‍ പങ്കു വെച്ച് അവിടെ നിന്ന് പിരിഞ്ഞു ....കുടുംബവുമൊത്ത് തിരികെ വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍ സ്ടീരിയോയിലൂടെ ഒഴുകിയെത്തിയ ഉമ്പായിയുടെ മധുര ശബ്ദത്തിലുള്ള ഗസലിലെ വരികളിങ്ങനെയായിരുന്നു....മഴയില്‍ കുളിച്ച മരങ്ങളേ നിങ്ങള്‍ , കണ്ടുവോ മറവിയിലെന്‍ പോയ ബാല്യം...